ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശേഷിപ്പ്

പാതിവഴിയിൽ
നാം വേർപ്പെട്ടു പോയെങ്കിലും,
വേർപ്പെടുകയില്ല
നിന്റെ ഓർമ്മകൾ
എന്റെ ആത്മാവെന്നുടൽ-
വേർപ്പെടും വരേക്കും.

പാതിവഴിയിൽ
നാം വേർപ്പെട്ടു പോയെങ്കിലെന്ത്,
ആനന്ദമാണെനിക്ക്
നിന്നെ കണ്ടുമുട്ടിയതോർക്കുമ്പോൾ.

പാതിവഴിയിൽ
നാം വേർപ്പെട്ടു പോയെങ്കിലെന്ത്,
നിർവൃതിയാണെനിക്ക്,
നിന്നൊടൊരുമിച്ച്‌
ഈ ചെറിയ ദൂരമെങ്കിലും
താണ്ടാൻ കഴിഞ്ഞതിൽ.

പാതിവഴിയിൽ
നാം വേർപ്പെട്ടു പോയെങ്കിലും,
ശേഷിച്ചിരിക്കുന്നു ഇനിയും
നമുക്കിടയിൽ എന്തൊക്കെയോ.

അല്ലെങ്കിലും,
വേർപ്പാടില്ലാത്ത
പ്രണയത്തിനെന്തു ഭംഗി?

വേർപ്പാടില്ലാത്ത
പ്രണയത്തിനെന്തു ഭംഗി?

ശേഷിച്ചിരിക്കണം,
പറയാനും അറിയാനുമിനിയും ,
ഈ ശേഷിപ്പിനാൽ ഒടുക്കമില്ല
നമുക്കിടയിൽ ഉള്ളതൊന്നിനും.

പാതിവഴിയിൽ
നമ്മുടെ കാലടികൾ എതിർ-
ദിശകളിലേക്കകന്നു പോയെങ്കിലും,
കാത്തിരിക്കും,
ഒരുനാൾ നിന്നെ ഞാൻ
വീണ്ടും കണ്ടുമുട്ടും വരേക്കും.






  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എൻ്റെ പ്രണയമേ, ഒരിക്കലും നിന്നെ ഒരു പൂവിനോടോ പൂവിതളിനോടോ ഉപമിക്കാൻ ആവില്ലെനിക്ക്. ഇളം കാറ്റിനോടുമില്ല, ചാറ്റൽ മഴയോടുമില്ല. വിടരുന്ന പൂമൊട്ടോ, ഒഴുകുന്ന നദിയോ അല്ല നീ എനിക്ക്. നിന്നെ ഉപമിക്കും ഞാൻ, സമുദ്രത്തോട്, പര്‍വ്വതശൃംഗത്തോട്, ആകാശത്തിനോട്, അതിൽൽ ജ്വലിക്കുന്ന സൂര്യനോട്! എന്തെല്ലാം അതിന്റെ അസ്തിത്വത്തിൽ, ഉഗ്രതയിൽ, തീക്ഷ്ണതയിൽ, വന്യതയിൽ, അപാരതയിൽ, ഗാഢതയിൽ, മാസ്മരികതയിൽ അതിന്റെയെല്ലാം മഹത്വത്തെ ദ്യോതിപ്പിക്കുന്നോ; അതിലെല്ലാം ഞാൻ നിന്നെ കാണുന്നു. എൻ്റെ  പ്രണയമേ, ഞാൻ സ്വയം നിനക്കായി അർപ്പിക്കുന്നു!

തെളിച്ചം

എന്റെ വിരഹത്തിന് പത്തരമാറ്റാണ്. തനിതങ്കം, നൂറ്ശതമാനം പരിശുദ്ധം. അതാവണം, ഇരുട്ടിൽ കൊണ്ടുപോയി മൂടി വച്ചാലും, അതിന്റെ തെളിച്ചം ഇടക്കിടെ പുറത്ത് വരുന്നത്.

എൻ്റെ പ്രണയം

തിമിർത്തു പെയ്യുന്ന ഈ ഇടവപ്പാതിയെക്കാളും കുളിരും ഭംഗിയുമുണ്ട്, വേനലിന്റെ കൊടും ഊഷരതയിലേക്ക് പെയ്തിറങ്ങുന്ന വേനൽ മഴക്ക്. കത്തുന്ന ദാഹത്തിലേക്ക് പെയ്തിറങ്ങുന്ന ആ മഴക്ക് വേണ്ടിയാണ് കാത്തിരുന്നത്. പക്ഷേ, നേരം തെറ്റി വന്ന കാറ്റ് ആ വേനൽ മഴമേഘത്തെ ദൂരേക്ക് ദൂരേക്ക് അകറ്റിക്കളഞ്ഞു. ഇനിയൊരു വേനൽമഴക്ക് കാത്തു നിൽക്കാതെ ദാഹിച്ചു വലഞ്ഞ് ചത്തൊടുങ്ങണം. എന്നിട്ട്.. കത്തുന്ന ആ വേനൽ ചൂടിനാൽ വെള്ളം വറ്റി എൻ്റെ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിയായി വേനലിന്റെ വരണ്ട കാറ്റിന്റെ കൂടെ എങ്ങോട്ടെന്നില്ലാതെ പാറിപ്പാറി പറക്കണം