ഇന്നലെ ഉറങ്ങാൻ കിടന്നു.
എനിക്കുറക്കം വന്നില്ല.
ഉറക്കക്ഷീണം കണ്ണുകളെ ബാധിച്ചുമില്ല.
ഉറങ്ങാനിനി വയ്യ,
ഉറക്കം നടിക്കാനുമിനി വയ്യ.
ചുറ്റുമുള്ളവരെ ഉണർത്താൻ നോക്കി,
അവരുണർന്നില്ല.
അവരുണരും വരേക്കും
ഉണർച്ചയോടെ ഇരിക്കാൻ തുടങ്ങി.
കണ്ണുകളടക്കാൻ സാധിക്കാതെ
ഞാനെന്റെ കിടക്കപ്പായയിൽ നിന്നെണീറ്റ്
മുറിയിലെ കട്ടിയേറിയ ഇരുട്ടിലേക്ക്
കണ്ണിമ വെട്ടാതെ നോക്കി.
വെളിച്ചത്തിന്റെ ഒരു കണിക പോലുമില്ല.
ഒന്നും കാണാനനുവദിക്കാത്തഇരുട്ടിന്റെ കനം
എൻ്റെ ചിന്തകളുടെ തടവറയാണെന്നും,
അതു തകർത്തെറിയപ്പെടേണ്ടതാണെന്നും
ഞാൻ അറിഞ്ഞു തുടങ്ങി.
നാളുകളേറും തോറും ഇരുളേറി.
എൻ്റെ ഉണർച്ചയുമേറി,
ഉണർച്ചയെന്നതെന്റെ മനോഭാവവുമായി.
തിരിച്ചറിവിന്റെ ആ ഉണർച്ച
ഇരുട്ടിന്റെ ഉള്ളിലേക്ക്
അകക്കണ്ണോടെ നോക്കാൻ എന്നെ പഠിപ്പിച്ചു.
ഏതിരുട്ടിനെയും ജയിക്കാൻ പാകപ്പെട്ട അകക്കണ്ണ്.
അകക്കണ്ണിനാൽ ഞാൻ മനസ്സിലാക്കി,
നാലുചുവരിനാൽ ചുറ്റപ്പെട്ട
വാതിലില്ലാത്ത അജ്ഞതയുടെ ആ ഇരുട്ട്
ആജ്ഞാനുവർത്തിത്വത്തിന്റെയും,
അടിമത്തത്തിന്റെയും
തടവറയാകുന്ന വെറും ഒരു മിഥ്യയാണെന്ന്.
തിരിച്ചറിഞ്ഞു ഞാൻ,
തിരിച്ചറിവെന്നത് എന്റെ തലച്ചോറിനെയും
ചിന്തകളെയും കെട്ടിവരിഞ്ഞ
കാണാൻ കഴിയാത്ത ചങ്ങലക്കെട്ടുകളെ
പൊട്ടിച്ചെറിയാൻ പ്രാപ്തമാണെന്നുള്ള
മഹാസത്യം.
തിരിച്ചറിഞ്ഞു ഞാൻ,
തിരിച്ചറിവുള്ളവനാകുക എന്നത് അജ്ഞനായൊരടിമയാവാൻ
അയോഗ്യനാവാവുക എന്നുള്ളതാണെന്ന
മഹാസത്യം..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ