കാത്തിരിപ്പിന്റെ നിമിഷങ്ങൾ ഓരോന്നും
ഇപ്പോൾ മരുഭൂമിയിലെ എണ്ണിയാലൊടുങ്ങാത്ത
മണൽതരികളുടെ രൂപമെടുത്തിട്ടുണ്ട്.
ആ മണൽതരികൾ ഉണ്ടാക്കുന്ന ഘർഷണം
എന്റെ ഹൃദയത്തിൽ നീറുന്ന പോറലുകൾ വീഴ്ത്തിത്തുടങ്ങിയിരിക്കുന്നു.
രക്തത്തുള്ളികൾ പൊടിഞ്ഞു വരുന്നത് നീ കാണുന്നില്ലല്ലോ!
നിന്നോടൊത്തുള്ള ഓരോ നിമിഷങ്ങൾക്കും
ഒരായിരം സംവത്സരത്തിന്റെ ആയുസ്സുണ്ടാവണമേ
എന്ന് വ്യാമോഹിച്ചതിനാൽ,
കാത്തിരിപ്പെന്നത് എനിക്കിപ്പോൾ
മരണവേദനയേക്കാൾ അസഹ്യമായിരിക്കുന്നു.
എൻ്റെ പ്രണയമേ, ഒരിക്കലും നിന്നെ ഒരു പൂവിനോടോ പൂവിതളിനോടോ ഉപമിക്കാൻ ആവില്ലെനിക്ക്. ഇളം കാറ്റിനോടുമില്ല, ചാറ്റൽ മഴയോടുമില്ല. വിടരുന്ന പൂമൊട്ടോ, ഒഴുകുന്ന നദിയോ അല്ല നീ എനിക്ക്. നിന്നെ ഉപമിക്കും ഞാൻ, സമുദ്രത്തോട്, പര്‍വ്വതശൃംഗത്തോട്, ആകാശത്തിനോട്, അതിൽൽ ജ്വലിക്കുന്ന സൂര്യനോട്! എന്തെല്ലാം അതിന്റെ അസ്തിത്വത്തിൽ, ഉഗ്രതയിൽ, തീക്ഷ്ണതയിൽ, വന്യതയിൽ, അപാരതയിൽ, ഗാഢതയിൽ, മാസ്മരികതയിൽ അതിന്റെയെല്ലാം മഹത്വത്തെ ദ്യോതിപ്പിക്കുന്നോ; അതിലെല്ലാം ഞാൻ നിന്നെ കാണുന്നു. എൻ്റെ പ്രണയമേ, ഞാൻ സ്വയം നിനക്കായി അർപ്പിക്കുന്നു!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ