പാതിവഴിയിൽ നാം വേർപ്പെട്ടു പോയെങ്കിലും, വേർപ്പെടുകയില്ല നിന്റെ ഓർമ്മകൾ എന്റെ ആത്മാവെന്നുടൽ- വേർപ്പെടും വരേക്കും. പാതിവഴിയിൽ നാം വേർപ്പെട്ടു പോയെങ്കിലെന്ത്, ആനന്ദമാണെനിക്ക് നിന്നെ കണ്ടുമുട്ടിയതോർക്കുമ്പോൾ. പാതിവഴിയിൽ നാം വേർപ്പെട്ടു പോയെങ്കിലെന്ത്, നിർവൃതിയാണെനിക്ക്, നിന്നൊടൊരുമിച്ച് ഈ ചെറിയ ദൂരമെങ്കിലും താണ്ടാൻ കഴിഞ്ഞതിൽ. പാതിവഴിയിൽ നാം വേർപ്പെട്ടു പോയെങ്കിലും, ശേഷിച്ചിരിക്കുന്നു ഇനിയും നമുക്കിടയിൽ എന്തൊക്കെയോ. അല്ലെങ്കിലും, വേർപ്പാടില്ലാത്ത പ്രണയത്തിനെന്തു ഭംഗി? വേർപ്പാടില്ലാത്ത പ്രണയത്തിനെന്തു ഭംഗി? ശേഷിച്ചിരിക്കണം, പറയാനും അറിയാനുമിനിയും , ഈ ശേഷിപ്പിനാൽ ഒടുക്കമില്ല നമുക്കിടയിൽ ഉള്ളതൊന്നിനും. പാതിവഴിയിൽ നമ്മുടെ കാലടികൾ എതിർ- ദിശകളിലേക്കകന്നു പോയെങ്കിലും, കാത്തിരിക്കും, ഒരുനാൾ നിന്നെ ഞാൻ വീണ്ടും കണ്ടുമുട്ടും വരേക്കും.